തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ കുമ്മനം മന്ത്രിസഭയില്‍ ഉണ്ടാകും എന്ന പ്രചരണത്തിന് സാധ്യതയേറി. പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. രാവിലെയുള്ള ഫ്ലൈറ്റില്‍ കുമ്മനം ഡല്‍ഹിക്ക് പോയി.
നേരത്തേ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ചത്. കേരളത്തില്‍ മല്‍സരിച്ച എന്‍ഡിഎ സ്‌ഥാനാര്‍ത്ഥികള്‍ എല്ലാം പരാജയപ്പെട്ടെങ്കിലും മന്ത്രിസഭയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ജയിച്ചാല്‍ കേന്ദ്രമന്ത്രിസഭയില്‍ പരിസ്ഥിതി വകുപ്പ് കുമ്മനത്തിന് നല്‍കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
നേരത്തേ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജി വച്ചാണ് കുമ്മനം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത്. അതിന്‌മുന്നേ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. കുമ്മനത്തിന് പിന്നാലെ രാജ്യസഭാ എംപിയായ വി മുരളീധരന്‍റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെയും സുരേഷ് ഗോപിയുടെയും പേരുകളും മന്ത്രിസഭാ സാധ്യതാപ്പട്ടികയിലുണ്ട്.
