കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഒരു മാസത്തേക്ക്‌ ചാനല്‍ വിലക്ക്‌; രാഹുലിന്‌ മൗനം

ന്യൂഡല്‍ഹി : ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഹുലിന്‍റെ രാജി തീരുമാനത്തോടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പുറമെ സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇതിനിടെയാണ് ചാനല്‍ ചര്‍ച്ചകള്‍ക്ക് ഒരുമാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന തീരുമാനം എഐസിസി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *