തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ; സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തു

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ സിബിഐ ശേഖരിച്ചു. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കേസില്‍ ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്ബിയെ ബുധനാഴ്ച റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. 22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. പ്രകാശാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വര്‍ണം എത്തിക്കുന്നത്. സ്വര്‍ണം കടത്തുന്നതിനിടയില്‍ പിടിയിലായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനില്‍കുമാറിന്റെ സുഹ്യത്താണ് പ്രകാശ്. ഇടനിലക്കാരന്‍ പ്രകാശ് തമ്ബി സ്വര്‍ണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.

മേയ് 13നാണു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *