കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കി.മി) ദൂരത്തിലാണ് ട്രോളിംഗ് നടപ്പാക്കുക.
മത്സ്യപ്രജനന കാലത്ത് ട്രോളിംഗ് നടപ്പാക്കുന്നതിലൂടെ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിംഗിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ജൂണ്‍ ഒമ്ബതിന് മുമ്ബ് കേരള തീരം വിടണമെന്ന് നിര്‍ദേശം നല്‍കുമെന്നും ജില്ലാകലക്ടര്‍ ശ്രീറാം സാംബശിവ റാവു അറിയിച്ചു.
രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ സാധാരണ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരമ്ബരാഗത മത്സ്യബന്ധനം നടത്താം. കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രമായി ആരംഭിച്ചിട്ടുണ്ട്. ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ചാണുണ്ടാവുക. ഫൈബര്‍ വള്ളം ചോമ്ബാല്‍ ബേസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും. ട്രോളിംഗ് സംബന്ധിച്ച അറിയിപ്പ് കടലോരപ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റായും പോസ്റ്റര്‍, നോട്ടീസ് എന്നിവ പതിച്ചും അറിയിക്കും. രക്ഷാദൗത്യങ്ങള്‍ക്കായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവ സംയുക്തമായുള്ള ടീമുകള്‍ സജ്ജമായിരിക്കും.
ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നതിനായി ഫിഷറീസ് വകുപ്പില്‍ നിന്ന് പട്ടിക കിട്ടുന്ന മുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
എല്ലായാനങ്ങളിലും രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ടൂള്‍ കിറ്റ്, ലൈഫ് ജാക്കറ്റ്, ആവശ്യത്തിന് ഇന്ധനം എന്നിവ കരുതണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ട്രോളിങ് നിരോധന കാലയളവിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോകുന്നുണ്ടെങ്കില്‍ ഇക്കാര്യം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.
കോഴിക്കോട് ജില്ലയില്‍ 1006 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടികളും 249 ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 182 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം 5229 യാനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അന്യജില്ലകളില്‍ നിന്ന് എകദേശം 600ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നു.
അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9ന് മുമ്ബ് കേരള തീരംവിട്ടു പോകണമെന്നും യോഗത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് മംഗലാപുരം, കന്യകുമാരി ജില്ലാ കളക്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ മുഖേന നല്കും. നാല് ഫിഷറീസ് ഹാര്‍ബറുകളിലായി പ്രത്യക്ഷത്തില്‍ 27500 മത്സ്യത്തൊഴിലാളികളുണ്ട്.
