ബിജെപിയിലേക്ക് പോകില്ല, സുധീരന്‍ എന്നെ പാര്‍ട്ടി സ്നേഹം പഠിപ്പിക്കണ്ട; എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രം ‘വീക്ഷണ’ത്തിനും വി എം സുധീരനുമെതിരെ എ പി അബ്ദുള്ളക്കുട്ടി. അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച്‌ ചാനലില്‍ ജൈവവളത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന സുധീരന്‍ എന്നെ ആദര്‍ശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബിജെപിയിലേക്ക് പോകണമെന്ന് ആലോചിച്ചിട്ടില്ലെന്നും ഒരു നേതാവുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ എന്നെ പുറത്താക്കണമെന്ന തരത്തിലുള്ള മുഖപ്രസംഗമെഴുതുകയാണ് വീക്ഷണം. വിധിപ്രസ്താവം നടത്തുകയാണ് വീക്ഷണം. ഇതെന്ത് ന്യായമാണ്? ഇതെന്ത് നീതി? പാര്‍ട്ടിയും ഇന്ദിരാഗാന്ധിയും തോറ്റ തെരഞ്ഞെടുപ്പില്‍ അവരെ പെണ്‍ ഹിറ്റ്‍ലറെന്ന് വിളിച്ച്‌ മറു കൂടാരത്തില്‍ പോയി അധികാരത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ നുണഞ്ഞവരാണിപ്പോള്‍ എന്നെ ഉപദേശിക്കുന്നത്.’ – അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.

‘വി എം സുധീരനെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. ഉമ്മന്‍ചാണ്ടിയുടെ നല്ല സര്‍ക്കാരിനെ തകര്‍ത്തവനാണ് ആ മനുഷ്യന്‍. കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാരോടും ചോദിക്കൂ. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് വി എം സുധീരന്‍. ആ സുധീരന്‍ പാര്‍ട്ടി സ്നേഹം എന്നെ പഠിപ്പിക്കണ്ട.’ അബ്ദുള്ളക്കുട്ടി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *