പിവി അന്‍വറിന്റെ തടയണ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കുമെന്ന് ഭാര്യാ പിതാവ്

എംഎല്‍എ പി.വി അന്‍വറിന്റെ തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച്‌ നീക്കുമെന്ന് ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയില്‍. തടയണ പൊളിക്കുന്ന ജോലികള്‍ നടക്കുകയാണെന്ന് ഹൈക്കോടതിയില്‍ അബുദുള്‍ ലത്തീഫ് അറിയിച്ചു.

വിശദമായ വാദത്തിനായി കേസ് അടുത്ത ആഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച്‌ നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ മാസം മുപ്പതിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോര്‍ണിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിങ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു. അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *