യോഗി ആദിത്യനാഥിന്‍റെ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടി

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മൊറാദാബാദ് ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി ആശുപത്രിയിലെത്തിയ സമയത്ത് രണ്ട് മണിക്കൂറോളം തങ്ങളെ പൂട്ടിയിട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. പുറത്ത് കടക്കുന്നത് തടയാന്‍ ജില്ല മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ സിങ് ജീവനക്കാരെ നിയോഗിച്ചതായും മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, ആരോപണം ജില്ല മജിസ്ട്രേറ്റ് നിഷേധിച്ചു.

സംഭവത്തില്‍ പ്രിയങ്ക ഗാന്ധി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായെത്തി. മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ബന്ദികളാക്കിയെന്നും ചോദ്യങ്ങള്‍ക്ക് തടയിടുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ എഴുതി. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രി വാര്‍ഡിനകത്തായിരുന്നുവെന്നും അവരോട് അകത്തുകടക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും ജില്ല മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *