കൊച്ചി: ആര്.എസ്.എസും എസ്.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രണ്ട് കൂട്ടരും ഒരേ തരത്തില്‍ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളാണ്. ആര്.എസ്.എസിന്‍െറ മുസ്ലിം പതിപ്പാണ് എസ്.ഡി.പി.ഐ. ഈ രണ്ട് വര്‍ഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന് നിന്നുകൊടുക്കാത്തത് കേരളത്തിന്‍െറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്‍െറ സ്മാരകത്തിന്‍െറ ശിലാസ്ഥാപനം കലൂരില്‍ നിര്‍വഹിക്കുകയായിരുന്നു കോടിയേരി.
കേരളത്തിന്‍െറ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്ത് ഇടതുപക്ഷ പ്രസ്ഥാനം ദുര്‍ബലമായാല്‍ ആരാണ് മേധാവിത്തം സ്ഥാപിക്കുകയെന്നത് ഇന്ന് രാജ്യം തെളിയിച്ചു കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ക്ക് ഇന്നേ വരെ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
നവോത്ഥാന നായകന്മാര് നവോത്ഥാന ആശയങ്ങള്‍കൊണ്ട് ഉഴുതുമറിച്ച ഈ മണ്ണില്‍ ഇടതുപക്ഷ പ്രസ്ഥാനമാണ് ആ ആശയങ്ങളെ മുന്നോട്ട് കൊണ്ടു പോകാന്‍ ഇടപെട്ടത്. അതിനാലാണ് കേരളം ഗുജറാത്ത് പോലെയോ ഉത്തരേന്ത്യന്‍ സംസ്ഥാനം പോലെയോ ആവാതെ മതനിരേപക്ഷതയില് അടിയുറച്ച് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
