നിയമവിദ്യാര്‍ഥിനിയുടെ തിരോധാനം; മുന്‍കേന്ദ്രമന്ത്രിയുടെപേരില്‍ സ്വാമി ചിന്മയാനന്ദിനെതിരെ കേസ്

ഷാജഹാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലുള്ള സ്വാമി സുഖ്ദേവാനന്ദ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് അധികൃതര്‍ക്കുനേരേ ആരോപണമുന്നയിച്ച നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെപേരില്‍ കേസെടുത്തു.

കോളേജിന്റെ അധ്യക്ഷനും മുന്‍ ലോക്‌സഭാംഗമായ ചിന്മയാനന്ദിനെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണു നടപടി.കോളേജ് ഹോസ്റ്റലില്‍ നിന്നു നാലുദിവസം മുമ്ബാണ് ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്.

കോളേജിലെ പീഡനത്തില്‍നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇവര്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ ഇതിനിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച സന്ത് സമാജിലെ ഉന്നതന്‍ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

യോഗിജീ, മോദിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്ന്യാസി പറയുന്നത്. അയാള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട് ‘ -എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.

ഓഗസ്റ്റ് 24-ന് വൈകീട്ട് നാലിനാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അതേസമയം സ്വാമിയെ കൊള്ളയടിച്ചു പണക്കാരാകാന്‍ യുവതിയും അച്ഛനും നടത്തുന്ന തന്ത്രമാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് ഓം സിങ് ആരോപിച്ചു.

യുവതിയുടെ വീഡിയോ പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്ബ് അഞ്ചുകോടി രൂപയാവശ്യപ്പെട്ട് ചിന്‍മയാനന്ദിന്റെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വന്നെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അഭിഭാഷകനും പോലീസില്‍ പരാതി നല്‍കിയിട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *