പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ നല്‍കുന്നതിനും, അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയതായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം, കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ പതിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുളള പരാതികളും വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ഇപരാതി എന്ന സംവിധാനത്തിലൂടെ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും വാഹനം ഉള്‍പ്പെടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി, യോഗങ്ങള്‍, ജാഥകള്‍, പ്രകടനം, വാഹന പെര്‍മിറ്റ് തുടങ്ങിയ വിവിധ അനുമതികള്‍ക്കുമായി ഇഅനുമതി സംവിധാനത്തില്‍ അപേക്ഷ നല്‍കാം. അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും, ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ട്. പരാതികളില്‍ നടപടിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ സന്ദേശമെത്തും. അക്ഷയ കേന്ദ്രങ്ങളിലുടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് സര്‍വീസ് ചാര്‍ജായി 10 രൂപയും, ഇതിനൊപ്പം, പ്രിന്റിംഗിനും സ്‌കാനിംഗിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള നിരക്കുകളും നല്‍കണം.
