പട്ടിക്കാട്: കാട്ടില്‍ക്കയറി പനകള്‍ മോഷ്ടിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കൊപ്പം വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആനയെ ഉടമസ്ഥന് വിട്ടു നല്‍കി. കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആനയെയാണ് ഉടമസ്ഥനായ കയ്പമംഗലം മഞ്ചേരി വീട്ടില്‍ ഗോപിനാഥന് വനംവകുപ്പ് കൈമാറിയത്. കേസിന്റെ ആവശ്യത്തിനായി എപ്പോള്‍ ആവശ്യപ്പെട്ടാലും സ്വന്തം ചെലവില്‍ സ്റ്റേഷനിലോ കോടതിയിലോ ആനയെ എത്തിക്കണമെന്ന വ്യവസ്ഥയിലാണ് വിട്ടുനല്‍കിയത്.
പട്ടിക്കാട് വനം റേഞ്ച് ഓഫീസിനു കീഴിലുള്ള പട്ടിക്കാട് തേക്കിന്‍ കൂപ്പിനുള്ളില്‍നിന്ന് ഒമ്ബത് പനകള്‍ മുറിച്ചുകടത്തിയതിനാണ് പാപ്പാന്മാര്‍ ഉള്‍പ്പെടെ നാലുപേരെ വെള്ളിയാഴ്ച വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. തടി വനത്തില്‍നിന്ന് നീക്കംചെയ്യാന്‍ പാപ്പാന്മാര്‍ ഉപയോഗിച്ച ഉപകരണം എന്ന നിലയിലാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
ആനയെ തളയ്ക്കാനും മറ്റുമായി വഴുക്കുംപാറയിലെ വനംവകുപ്പ് ഓഫീസ് പരിസരം സജ്ജമാക്കിയിരുന്നതായി അധികൃതര്‍ പറയുന്നു. രാവിലെ ഒമ്ബതു മണിവരെ സ്റ്റേഷന്‍ പരിസരത്തും അതിനുശേഷം വെയിലിന് ചൂട് കൂടുന്നത് അനുസരിച്ച് സമീപത്തെ കാട്ടിലുമാണ് ആനയെ തളച്ചതെന്നും അവര്‍ പറഞ്ഞു. ആനയ്ക്ക് ആവശ്യമായ പനമ്ബട്ടകളും ശുദ്ധജലവും നേരത്തെ തന്നെ സംഭരിച്ചുവെച്ചിരുന്നതായും ഒരു ദിവസത്തേക്ക് താത്കാലിക പാപ്പാനെ ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ അവകാശപ്പെട്ടു. ആനയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും തൃശ്ശൂര്‍ സാമൂഹിക വനവത്കരണ വിഭാഗം അടുത്ത ദിവസം പരിശോധിക്കും.
ആല്‍പ്പാറ സ്വദേശി പാട്ടത്തിനെടുത്തതാണ് കുഴൂര്‍ സ്വാമിനാഥന്‍ എന്ന ആന. കഴിഞ്ഞ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. കാട്ടാനയില്ലാത്ത ഈ ജനവാസമേഖലയില്‍ ആനയുടെ സാന്നിധ്യം കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്.
