താനൂര്‍ കൊലപാതകം ; പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ താനൂര്‍ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇനിയും പിടിയിലാവാനുള്ള മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.

നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. എന്നാല്‍ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സിപിഎം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റിഡിയില്‍ എടുത്തവരില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം ബാക്കിയുള്ള മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

വ്യാഴായ്ച്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്. രാത്രി ഏഴരയോടെയാണ് അഞ്ചുടിയില്‍ വച്ച്‌ ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്. വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *