കൂടത്തായി: റോയി തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

വടകര: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് 1800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. റോയി തോമസ് വധക്കേസുമായി ബന്ധപ്പെട്ടാണ് നിലവില്‍ ജോളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ജോളിയെ കൂടാതെ എം.എസ്.മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 322 രേഖകള്‍ ഹാജരാക്കുമെന്ന് അന്വേഷണം സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് രാസ പരിശോധന ഫലത്തില്‍ നിന്നും വ്യക്തമാണ്. രാസ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാകുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജോളിക്ക് യുജിസി നെറ്റ്, ബികോം, എംകോം എന്നിവയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പകര്‍പ്പുകളും കുറ്റപത്രത്തോടൊപ്പം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *