കോഴിക്കോട് : രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ എന്‍.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിര്‍മ്മാര്‍ജനം, ബോധവല്‍കരണം, ദുരിതാശ്വാസം എന്നീ മേഖലകളില്‍ കേഡറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു . സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മികച്ച എന്‍.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനര്‍ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ എന്‍.സി. സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ കഠിന പരിശീലനത്തിലൂടെ രാജ്യത്തെ മികച്ച യുവജന പ്രസ്ഥാനമായി എന്‍.സി.സി. വളര്‍ന്നു. കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എന്‍.സി.സി. കേഡറ്റുകള്‍ക്ക് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
റിപ്പബ്ലിക് ദിന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ കേഡറ്റുകള്‍ക്ക് പുരസ്‌കാരം നല്‍കി. 2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാര്‍ഡ് 31 കേരള ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ ജോസ് ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാളും കെ.ആര്‍.കെ.ഡി.എം. ബി.എച്ച്.എസ്.ആന്റ് എച്ച്.എസ്. എസ്. പ്രിന്‍സിപ്പാളും ഏറ്റുവാങ്ങി.
