വേങ്ങര : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തി സുഹൃത്തുക്കളേയും ബന്ധുക്കളേയും പങ്കെടുപ്പിച്ച് കല്യാണം. കൊറോണ ഭീതി പരത്തുന്ന സാഹചര്യത്തില്‍ വിവാഹത്തിന് പുത്തന്‍ വഴി പരീക്ഷിച്ചത് മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ്. വേങ്ങര മച്ചിങ്ങല്‍ അബ്ദുസ്സമദിന്റെ മകന് മുഹമ്മദ് ഫിറോസിന്റെയും മലപ്പുറം കോഡൂര്‍ പുല്ലന്‍കുലവന്‍ കുഞ്ഞിമുഹമ്മദിന്റെ മകള്‍ മുഫീദയുടെയും വിവാഹമാണ് ബന്ധുക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ നടന്നത്.
ഏകദേശം നൂറോളം പേര്‍ക്ക് ഒരേസമയം വീഡിയോ മീറ്റിങ് സാധ്യമാവുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ സൂമിലൂടെ സമീപത്തും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിച്ചാണ് ചടങ്ങ് അവിസ്മരണീയമാക്കിയത്. അക്കൗണ്ടന്റ് ആയ ഫിറോസിന്റെ നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു. സൗദിയില്‍ ജോലിചെയ്യുന്ന ജേഷ്ഠന് റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് മണ്ഡപമുള്‍പ്പെടെ ബുക്കു ചെയ്യുകയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു.അതിനിടെയാണ് സംസ്ഥാനത്ത് കൊറോണ ഭീതിയും കര്‍ശന നിയന്ത്രണങ്ങളും ആരംഭിച്ചത്.
