കോവിഡ് 19: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ

തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കോവിഡ് 19-ന്റെ സമൂഹവ്യാപനം നിരീക്ഷിക്കാനും തടയാനും റാപ്പിഡ് ടെസ്റ്റിംഗ് നടത്തുക മാത്രമാണ് വഴി.നിലവില്‍ കോവിഡ്19 ടെസ്റ്റ് പരിമിതമായ സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ വരെ സമയമെടുത്താണ് നടത്തുന്നത്.

ലോകത്ത് ചില സ്ഥാപനങ്ങളും ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്ബനിയും 15 മിനുട്ടില്‍ ഫലം ലഭ്യമാക്കുന്ന കിറ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടുത്ത ലഭ്യതകുറവും വളരെ ഉയര്‍ന്ന വിലയും (1500-4500 രൂപ വരെ) ഇവ വാങ്ങുന്നതിനും സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനും തടസമായിരിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പുതിയ തീരുമാനം.

ഈ സാഹചര്യത്തിലാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ സംഘം ഏപ്രില്‍ ആദ്യ വാരത്തോടെ റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ ലഭ്യമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ശ്രീചിത്ര വികസിപ്പിച്ചു നല്‍കുന്ന റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ 15 മിനുറ്റുകള്‍ക്കകം റിസള്‍ട്ട് തരുകയും ഒരു വ്യക്തിക്ക് 200 രൂപ മാത്രം ചെലവ് വരുന്നതുമാണ്.

ഇതോടൊപ്പം ഉടനടിയുള്ള ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഐ.സി.എം.ആര്‍. അംഗീകാരമുള്ള ഏക സ്ഥാപനമായ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി ജി.എസ്.ടി. ഉള്‍പ്പെടെ ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും എംപി ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ബാച്ച്‌ ഈ ബുധനാഴ്ച്ച ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *