കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര പുനസ്ഥാപിക്കണം

മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കണമെന്ന്് മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം റണ്‍വെ നവീകരണാര്‍ത്ഥം കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റിയതെന്നും പ്രമേയത്തില്‍ പറയുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും സൗകര്യമാകും വിധം കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനക്രമീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ നടപടി കൈകൊള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ആസൂത്രിതമായി തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. പത്തൊന്‍പത് വര്‍ഷമായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പില്‍ ഇത്തവണ ഏഴായിരത്തിലധികം ഹാജിമാരാണ് സംബന്ധിച്ചത്. രാവിലെ 8 ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിച്ച ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇബ്‌റാഹീം ബാഖവി മേല്‍മുറി, , സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയും ക്യാമ്പില്‍ നടന്നു. ഹജ്ജ് ഗൈഡ്, ത്വവാഫ്-തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് ക്യാമ്പില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *