ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട: റാന്നി വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളില്‍ െഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. വെച്ചൂച്ചിറ പഞ്ചായത്തില്‍ പരുവ പ്രദേശത്തും നാറാണംമൂഴിയില്‍ കുടമുരുട്ടിയിലുമാണ് ഡെങ്കിപ്പനി കൂടുതലായി കാണപ്പെട്ടത്.

റബര്‍ തോട്ടങ്ങള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ ചിരട്ട ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കളില്‍ മഴവെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ട്. കുടിവെള്ളം വീട്ടിനുള്ളിലും പുറത്ത് ടാങ്കുകളിലും ശേഖരിച്ച്‌ വച്ചിരിക്കുന്നവയില്‍ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നതായി ജില്ലാ മലേറിയ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കാന്‍ പൊതുജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ശ്രദ്ധിക്കണം. മഴവെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാഴ്‌വസ്തുക്കള്‍ വീടിന് ചുറ്റിലും തോട്ടങ്ങളിലും ഉള്ളത് ശേഖരിച്ച്‌ മഴവെള്ളം വീഴാത്തവിധം സൂക്ഷിക്കണം.

കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളുടെ ഉള്‍വശം ആഴ്ചയിലൊരിക്കലെങ്കിലും നന്നായി ഉരച്ചുകഴുകണം. പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉള്‍വശത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് മുട്ടകളെ ഇല്ലാതാക്കാന്‍ ഇതുമൂലം സാധിക്കും. കൊതുകുകടി ഏല്‍ക്കാത്ത വിധം വ്യക്തിഗത സുരക്ഷയും സ്വീകരിക്കണം. പനി ലക്ഷണം കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും നിര്‍ദേശാനുസരണം ചികിത്സ തേടുകയും വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *