പെരിന്തല്‍മണ്ണ: മഹാപ്രളയത്തിലെ ദുരന്തത്തിനിടെ ജീവന്‍ രക്ഷിക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് കവളപ്പാറ നിവാസികള്‍ രക്തം നല്‍കി.
പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെത്തിയാണ് കവളപ്പാറയിലെ മുപ്പതോളം യുവാക്കള്‍ രക്തം ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തില്‍ തകര്‍ന്ന കവളപ്പാറയിലെ ദുരിതം പേറുന്ന കുടുംബങ്ങളിലുള്ളവരാണ് കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രക്തദാനത്തിനെത്തിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് വാടകക്ക് താമസിക്കുന്നവര്‍, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍,രക്ഷാപ്രവര്‍ത്തനത്തനത്തിനിടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍,ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
ദുരന്ത സമയത്തു തങ്ങളുടെ നാടിന് താങ്ങായി തണലായി നിന്ന സുമനസ്സുകള്‍ക്ക് വേണ്ടിയും, സ്വദേശത്തു നിന്നും വിദേശത്തു നിന്നും അകമഴിഞ്ഞ് സഹായിച്ചവര്‍ക്ക് വേണ്ടിയും നന്ദി സൂചകമായി ഈ രക്തദാനം സമര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രത്യേക അനുമതി വാങ്ങി സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് രക്തദാനം നടത്തിയത്.
