ഗള്‍ഫ് യുദ്ധം: സര്‍ക്കാര്‍ ചെലവില്‍ കുടിയൊഴിപ്പിച്ചത് ഒന്നേമുക്കാല്‍ ലക്ഷം പേരെ; ഉപയോഗിച്ചത് 500 വിമാനങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യ നടത്തിയ ഏറ്റവും വലിയ കുടിയോഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ ഇരച്ചെത്തുകയാണ്. 1990 ല്‍ ഉണ്ടായ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരെയാണ് അതിസാഹസികമായി അന്നത്തെ വി.പി.സിംഗ് സര്‍ക്കാര്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. യാത്രക്കാരുടെ ചെലവുകളെല്ലാം അന്ന് കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്. ഈ യജ്ഞത്തിന് നേതൃത്വം നല്‍കിയതാകട്ടെ മലയാളിയായ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനും.
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് 1990 ആഗസ്ത് 13 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് അന്ന് ഇന്ത്യക്കാരെ കുവൈത്തില്‍ നിന്ന് നാട്ടിലെത്തിച്ചത്.അതിസാഹസികമായ ദൗത്യമായിരുന്നു അതെന്ന് കേന്ദ്രമന്ത്രിയായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. കോഴിക്കോട് പന്നിയങ്കരയിലെ തറവാട്ടു വീട്ടില്‍ താമസിക്കുന്ന കെ.പി.ഉണ്ണികൃഷ്ണന് ആ നാളുകളെ കുറിച്ചോര്‍ക്കുമ്പോള്‍ ചാരിതാര്‍ഥ്യമാണ് തോന്നുന്നത്.
യുദ്ധം നീണ്ടു പോകുകയാണെന്ന് വന്നതോടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് അത്യാവശ്യമായി വന്നു. എന്നാല്‍ ആക്രമണങ്ങള്‍ തുടരുന്ന ആ നാളുകളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ അവരെ വിമാനത്താവളങ്ങളില്‍ എത്തിക്കുന്നത് പോലും ഏറെ ആശങ്ക നിറഞ്ഞതായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ആദ്യം മന്ത്രി ഐ.കെ.ഗുജ്‌റാളും പിന്നീട് കെ.പി.ഉണ്ണികൃഷ്ണനും ഇറാഖ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. പിന്നീട് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാംഹുസൈനെ കെ.പി.ഉണ്ണികൃഷ്ണന്‍ ഒരു രഹസ്യകേന്ദ്രത്തില്‍ വച്ച് നേരിട്ട് കാണുകയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം തേടുകയുമായിരുന്നു. തുടര്‍ന്നാണ് കുവൈത്തിലെ ഇന്ത്യക്കാരെ ജോര്‍ദാനിലെ അമാന്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. പലഘട്ടങ്ങളിലായി ഐ.കെ.ഗുജ്‌റാളും കെ.പി.ഉണ്ണികൃഷ്ണനും അമാനിലും ദുബായിലും ക്യാമ്പ് ചെയ്തായിരുന്നു ഓപ്പറേഷന് നേതൃത്വം നല്‍കിയിരുന്നു.
170000 ഇന്ത്യക്കാരെയാണ് അന്ന് 500 വിമാന സര്‍വ്വീസുകളിലായി നാട്ടിലെത്തിച്ചത്. എല്ലാവരുടെയും യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി അതൊന്നും വകവെച്ചില്ല. ആദ്യഘട്ടത്തില്‍ കപ്പലുകളില്‍ ഇന്ത്യക്കാരെ കൊണ്ടു വരാനാണ് ആലോചിച്ചതെങ്കിലും അമേരിക്കയുടെയും യു.എ.ഇയുടെയും അനുമതി ലഭിക്കാതിരുന്നതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. 28 ദിവസങ്ങളിലായി 500 വിമാനങ്ങളിലായി ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരെ സൗജന്യമായി നാട്ടിലെത്തിച്ചാണ് അക്കാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നേതൃത്വം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *