തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഗൃഹപാഠം ചെയ്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
കേരളത്തിന്റെ അതിര്‍ത്തികളിലെ സ്ഥിതി ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിര്‍ത്തിയിലുള്ളവരെ കൊണ്ടുവരാന്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ല.
അതിര്‍ത്തികളില്‍ പാസുമായി ബന്ധപ്പെട്ട കാര്യത്തിന് ഉദ്യോഗസ്ഥരില്ല. ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് ശരിയാണോയെന്ന് പരിശോധിക്കണം. ദേവസ്വം ബോര്‍ഡുകളെ സമ്മര്‍ദ്ദത്തിലാക്കി സര്‍ക്കാര്‍ പണം വാങ്ങുകയാണ്. നിത്യച്ചെലവുകള്‍ക്ക് പോലും ബോര്‍ഡുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
