ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: ജില്ലയില്‍ 47 ദിവസത്തെ ട്രോളിംഗ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016 ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നീണ്ടുനില്‍ക്കുന്ന നിരോധത്തിന്റെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോട്ടുടമാ അസോസിയേഷന്‍ ഭാരവാഹികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എന്നിവരും ഫിറഷീസ് പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മത്സ്യഫെഡ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ആര്‍ ഡി ഒ വി.ആര്‍. വിനോദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ് കുമാര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി ലാല്‍ജി എന്നിവര്‍ നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിശദമാക്കി. ജൂണ്‍ 14ന് നിരോധനം ആരംഭിക്കുന്നതിനു മുന്‍പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പരവൂര്‍ മുതല്‍ അഴീക്കല്‍വരെ കടലിലും കരയിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ട്രോളിംഗ് ബോട്ടുകളെല്ലാം നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്ക് മാറ്റി, അന്ന് അര്‍ധരാത്രി മുതല്‍ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിക്കും. ട്രോളിംഗ് നിരോധന വേളയില്‍ വലിയ വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി ശക്തികുളങ്ങരയിലെ മത്സഫെഡ് പമ്പും അഴീക്കല്‍ ഭാഗത്തെ ഒരു പമ്പും തുറന്നു പ്രവര്‍ത്തിക്കും. തീരദേശത്തെ മറ്റു പമ്പുകളെല്ലാം അടിച്ചിടും. ഈ കാലയളവില്‍ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ മേഖലകളില്‍ ക്രമസമാധാന പാലനത്തിനായി പോലീസിന്റെ സേവനമുണ്ടാകും. വള്ളങ്ങളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേതുപോലെ നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മെയ് 15 മുതല്‍ നീണ്ടകരയിലും അഴീക്കലിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴീക്കല്‍, നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളില്‍ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുത്ത മൂന്നു ബോട്ടുകളില്‍ ജൂണ്‍ 14മുതല്‍ 24 മണിക്കൂറും കടല്‍ സുരക്ഷാ സ്‌ക്വാഡിന്റെയും മറൈന്‍ പോലീസിന്റെയും സേവനമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റല്‍ പോലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴിലില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കും. ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *