സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കും

പത്തനംതിട്ട സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം ഒരുക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. പച്ചക്കറി വിത്ത്, വളം, വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം എന്നിവ നല്‍കുന്നതിന് പുറമെ കൃഷി വകുപ്പ് ഒരു സ്‌കൂളിന് 5000 രൂപ വീതവും നല്‍കും. രണ്ടു പഞ്ചായത്തുകളിലും ജലസേചനത്തിനുള്ള പമ്പ് സെറ്റുകളും പോളി ഹൗസുകളും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നാറാണംമൂഴിയില്‍ 44 യൂണിറ്റ് ഗ്രോബാഗുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടിടത്തും ആനിമല്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോളനികളിലും ആദിവാസി മേഖലകളിലും ആരോഗ്യ ക്യാമ്പുകള്‍ നടത്തും. കടമ്പനാടും നാറാണംമൂഴിയിലുമുള്ള കര്‍ഷകര്‍ക്ക് മണ്ണു പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത് ജൂലായ് 31നകം പൂര്‍ത്തിയാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ നാറാണംമൂഴിയില്‍ 65 ലക്ഷം രൂപയും കടമ്പനാട് 93.45 ലക്ഷം രൂപയും വിതരണം ചെയ്തു. നാറാണംമൂഴിയില്‍ 1027 തൊഴില്‍ദിനങ്ങളും കടമ്പനാട് 618 തൊഴില്‍ദിനങ്ങളും നല്‍കി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ കൗശല്യ യോജന നടപ്പാക്കും. ബി. പി. എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പദ്ധതിയാണിത്. കാന്‍സര്‍, വൃക്ക, ഹൃദ്രോഗം ബാധിച്ചവരുടെ റേഷന്‍ കാര്‍ഡ് ചില നിബന്ധനകള്‍ കൂടി പരിഗണിച്ച് ബി. പി. എല്‍ ആക്കി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് അംഗപരിമിതര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്തി കാര്‍ഡുകള്‍ നല്‍കും. രണ്ടു പഞ്ചായത്തുകളിലും ആവശ്യമായ കക്കൂസുകള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പഞ്ചായത്ത് അംഗങ്ങളുടെ യോഗം 21 ന് രണ്ടിടത്തും വിളിക്കും. റാന്നി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ്, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ്, പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം രാജഗോപാല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *