മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍

മലപ്പുറം: മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലാ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കും. തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് യോഗത്തിന് ശേഷം ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫാസിസത്തെ പോലെ എതിര്‍ക്കപ്പെടേണ്ടതാണ് തീവ്രവാദവും. തീവ്രവാദത്തിനെതിരെ മുഖ്യധാര മുസ്്‌ലിം സംഘടനകളേയും സാമൂഹിക, സാംസ്‌കാരിക സംഘടനകളേയും അണിനിരത്തി മുസ്്‌ലിം ലീഗ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇക്കാര്യത്തില്‍ എല്ലാവരും യോജിപ്പാണെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു. സഊദിയിലെ തൊഴില്‍ പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ സഊദി സര്‍ക്കാറിന്റെ ഭാഗത്തു നിന്നും മികച്ച സേവനമാണ് ലഭിക്കുന്നത്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതുള്‍പ്പടെ മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സി പ്രവര്‍ത്തന നിരതരാണ്. പ്രയാസമനുഭവിക്കുന്ന തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി രംഗത്തിറങ്ങണമെന്നു സെക്രട്ടറിയേറ്റ് വിദേശ മലയാളികളോട് അഭ്യര്‍ഥിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഒരേ നിലപാടാണുള്ളത്. വിമാനത്താവള പ്രവൃത്തികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനു അടിയന്തരമായി സൗകര്യമൊരുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രവര്‍ത്തക സമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍മ്മപദ്ധതിക്കു സെക്രട്ടറിയേറ്റ് രൂപം നല്‍കി. ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തക സമിതി മുന്നോട്ടുവെച്ച പ്രധാന പദ്ധതികളിലൊന്ന്. മുസ്്‌ലിം ലീഗ് മുന്നോട്ടുവെക്കുന്ന മത സൗഹാര്‍ദ്ദ സന്ദേശം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ബാല വേദി രൂപീകരിക്കും. പാര്‍ട്ടി കാര്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ യാഥാ സമയം ലഭ്യമാക്കാന്‍ കോഴി്‌ക്കോട്ട് മീഡിയ റൂം തുറക്കും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പുന: സംഘടിപ്പിക്കും. യോഗത്തില്‍ ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, പി.കെ.കെ ബാവ, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, പി.എച്ച്് അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, എം.സി മായീന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ടി.എം സലീം, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹീം കുഞ്ഞ്, കെ.എസ് ഹംസ, സി. മോയീന്‍ കുട്ടി, അബ്ദുറഹിമാന്‍ കല്ലായി, സി.പി ബാവ ഹാജി, അഡ്വ. യു.എ. ലത്തീഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *