ചരല്‍ക്കുന്നില്‍ നിര്‍ണായക തീരുമാനം

പത്തനംതിട്ട: നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വേദിയായേക്കാവുന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ രണ്ടുമണിക്ക് തുടങ്ങും. യു ഡി എഫ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന പാര്‍ട്ടി പ്രശ്‌നത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും ഉറ്റുനോക്കുന്നു. യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വശങ്ങള്‍ ചര്‍ച്ചയാവും. ബാര്‍ കോഴ മാത്രമല്ല സീറ്റു വിഭജനം തുടങ്ങി പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ നിലപാടെടുത്തതില്‍ കോണ്‍ഗ്രസിനോട് ശക്തമായ അതൃപ്തി പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ബാര്‍ കോഴ വിഷയത്തില്‍ ചെന്നിത്തലയാണ് ഏറെ ഉപദ്രവിച്ചതെന്ന അഭിപ്രായം മാണിക്കുണ്ട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം നടപ്പാവാനാണ് സാധ്യത. ബാര്‍ കോഴ വിവാദകാലത്ത് മുന്നണിയിലുള്ളവര്‍ തന്നെ മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടെടുത്തിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാണിയോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന്‌തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം നടന്നപ്പോള്‍ ഫോണിലാണ് സീറ്റു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതെന്ന് മാണി മുന്നേ വ്യക്തമാക്കിയിരുന്നു. നല്കിയ സീറ്റുകളില്‍ ചിലയിടത്ത് കോണ്‍ഗ്രസ് കാലുവാരുകയും ചെയ്തു. മാണി യു ഡി എഫിന്റെ സമുന്നത നേതാവായിട്ടും ആ പ്രാധാന്യം നല്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവാത്തതില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *