ന്യൂദില്ലി: ദേശീയ നേതൃത്വത്തില്‍ മാറ്റമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസില്‍ കലാപക്കൊടികളുയരുന്നു. പാര്‍ട്ടിക്ക് പുതിയ നേതൃത്വം വേണമെന്ന ചില നേതാക്കളുടെ ആവശ്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് കോണ്‍ഗ്രസിനുള്ളില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. പുതിയ നേതൃത്വം വരണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ശശിതരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് പരസ്യമായി രംഗത്തെത്തി. ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്ന് പരിഹസിച്ചാണ് സുരേഷ് വിമര്‍ശനമുയര്‍ത്തിയത്.
ശശിതരൂര്‍ വിശ്വപൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പക്വതയോടെ പ്രവര്‍ത്തിക്കണമെന്ന് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് അതിര്‍വരമ്പുകള്‍ എന്താണെന്ന് തരൂരിനറിയില്ല. പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് ഇനിയും മനസിലായിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
