നിര്‍മ്മാണമേഖലയില്‍ നിര്‍മ്മിതബുദ്ധി: മുന്‍കൈയുമായി ഐ.ഐ.ഐ.സി

തിരുവനന്തപുരം: റോബോട്ടുകളും ഡ്രോണുകളും നിര്‍മ്മിതബുദ്ധിയുമൊക്കെ റോഡും പാലവും കെട്ടിടങ്ങളും പണിയാന്‍ ഉപയോഗിക്കുന്ന നിലയിലേക്കു കേരളത്തിലെ നിര്‍മ്മാണരംഗത്തെ ഉയര്‍ത്താന്‍ കൊല്ലം ചവറയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്‍ഡ് കണ്‍സ്റ്റ്രക്ഷന്‍ (ഐ.ഐ.ഐ.സി.) മുന്‍കൈ എടുക്കുന്നു.
നിര്‍മ്മാണങ്ങളുടെയും വികസനപദ്ധതികളുടെയും ആസൂത്രണം, രൂപകല്പന, നിര്‍മ്മാണഘട്ടങ്ങള്‍, നിര്‍മ്മാണസാമഗ്രികളുടെ ഉത്പാദനം, മേല്‍നോട്ടം, സൗകര്യപരിപാലനം തുടങ്ങിയ മേഖലകളിലൊക്കെ മേല്പറഞ്ഞ സാങ്കേതികവിദ്യകള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. ഇത് നിര്‍മ്മാണരംഗത്തു വലിയ മാറ്റം കൊണ്ടുവരുമെന്നും അതിന്റെ ആദ്യപടിയായി നമ്മുടെ നിര്‍മ്മാണരംഗത്ത് ഈ സങ്കേതങ്ങളുടെ സാദ്ധ്യതകള്‍ പരിശോധിക്കുകയും സര്‍ക്കാരിലെയും സ്വകാര്യമേഖലയിലെയും നിര്‍മ്മാണവിദഗ്ദ്ധരെ ഇവ പരിചയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ഐ.ഐ.ഐ.സി. ഡയറക്റ്റര്‍ ഡോ: ജി. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
നിമ്മാണ എന്‍ജിനീയറിങ്ങിലും മാനേജ്മെന്റിലും നിര്‍മ്മാണരംഗത്തെ വിവിധ നൈപുണ്യങ്ങളിലും പരിശീലനം നല്കുന്ന രാജ്യാന്തരനിലവാരമുള്ള സ്ഥാപനമാണ് ഇതിനു മുന്‍കൈ എടുക്കുന്ന ഐ.ഐ.ഐ.സി. സംസ്ഥാനസര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ.), നിര്‍മ്മാണരംഗത്ത് ആധുനികസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ഉയര്‍ന്ന ഗുണമേന്മ പാലിക്കുകയും ചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) എന്നിവയുടെ സംയുക്തസംരംഭമാണ് ഐ.ഐ.ഐ.സി.
ആദ്യപടിയായി സെപ്റ്റംബര്‍ 18-നു സാങ്കേതികവിദഗ്ദ്ധര്‍ക്കായി ആഗോളവിദഗ്ദ്ധര്‍ പങ്കെടുപ്പിച്ച് ഏകദിന വെബിനാര്‍ നടത്തും. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എഡ്യൂടെക് ബിസിനസ് മേധാവി നാഗേന്ദ്രന്‍ സുന്ദരരാജന്‍ രാവിലെ 9 മണിക്ക് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ കണ്‍സള്‍ട്ടന്റ് ഡോ: ടി.പി. സേതുമാധവന്‍ ആമുഖപ്രഭാഷണം നടത്തും.
തുടര്‍ന്ന് 9 45 മുതല്‍ വൈകിട്ട് 4 വരെ അഞ്ചു സെഷനുകളിലായി സാങ്കേതികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഡ്രോണുകളും റോബോട്ടിക്‌സും അവയുടെ പ്രയോഗങ്ങളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും നിര്‍മ്മാണമേഖലയില്‍, നിര്‍മ്മാണസ്ഥലങ്ങള്‍ കാര്യക്ഷമാക്കുന്നതില്‍ ഈ സങ്കേതങ്ങളുടെ പങ്ക്, നിര്‍മ്മാനവും ഗുണപരിപാലനവും, നിര്‍മ്മാണമേഖലയിലെ നിര്‍മ്മിതബുദ്ധിയുടെ ഭാവി എന്നിവയാണു വിഷയങ്ങള്‍. വെബിനാറില്‍ പങ്കെടുക്കാന്‍ infranex.page.link/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *