സ്വപ്നയും സരിതും സന്ദീപും വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്നക്ക് സാമ്ബത്തിക സഹായം നല്‍കിയെന്ന് കുറ്റപത്രത്തിലുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാര പരിധിയുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 303 പേജുള്ള പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന, സന്ദീപ്, സരിത്ത് എന്നീ പ്രതികള്‍ കള്ളപണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളില്‍ നിന്നും അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്, വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്, പ്രതികളുടെ സ്വത്തുകള്‍ക്ക് രേഖകള്‍ ഇല്ല, പ്രതികള്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതിന് തെളിവാണ് ഇവരുടെ നിക്ഷേപങ്ങളെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു, സ്വപ്നയ്ക്ക് സാമ്ബത്തിക സഹായം നല്‍കിയിട്ടുണ്ട്, ശിവശങ്കറും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളുണ്ട്, എന്നാല്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ഇതെകുറിച്ച്‌ പറഞ്ഞിട്ടില്ല. അതിനാല്‍ ഇലക്‌ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂര്‍ത്തീകരിച്ചാലെ ശിവശങ്കറിന്റെ പങ്ക് പൂര്‍ണമായും തെളിയൂവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *