എനേബിളിങ് കോഴിക്കോട് ലോകത്തിന് മാതൃകയാവുന്ന പദ്ധതി – മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട് : ‘എനേബിളിങ് കോഴിക്കോട്’ ലോകത്തിന് തന്നെ മാതൃകയാവുന്ന പദ്ധതിയായി മാറുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷി സമഗ്ര ശാക്തീകരണ പദ്ധതിയായ ‘എനേബിളിങ് കോഴിക്കോട്’ പദ്ധതി പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി എനേബിളിങ് കേരള പദ്ധതി എന്നറിയപ്പെടുമെന്നും ചരിത്രത്താളുകളില്‍ ഇടം പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് സാധിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ സഹായമെത്തിയ്ക്കുക എന്ന ലക്ഷ്യവുമായാണ് ‘അനുയാത്ര’ പദ്ധതി ആവിഷ്‌ക്കരിച്ചത്. ജന്മനായുള്ള വൈകല്യം കണ്ടെത്തി മതിയായ ചികിത്സ നല്‍കുക മുതല്‍ അവര്‍ക്ക് സഹായ ഉപകരണങ്ങളും ജീവതോപാധികളും നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതുവരെയുള്ള വലിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *