കടുവ പശുവിനെ കൊന്നു; ഭീതിയൊഴിയാതെ പുളിമൂട് ഗ്രാമം

മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില്‍ പി.ആര്‍. സുരേഷി​െന്‍റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവി​െന്‍റ അലര്‍ച്ച കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ പശുവിനെ ഉപേക്ഷിച്ച്‌ കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

25 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു ലക്ഷം രൂപയുടെ നഷ്​ടമുണ്ടെന്ന്​ സുരേഷ് പറഞ്ഞു, സംഭവമറിഞ്ഞ്​ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മാനന്തവാടി റേഞ്ച് ഓഫിസര്‍ കെ.വി. ബിജുവുമായി പ്രദേശവാസികള്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉചിതമായ നഷ്​ടപരിഹാരം ഉടന്‍ നല്‍കുമെന്നും പരിസരത്ത് ശക്തമായ കാവലും, കാമറകളും സ്ഥാപിക്കുമെന്നുമുള്ള ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കാട്ടിക്കുളം വെറ്ററിനറി ഡോക്ടര്‍ സീലിയ ലൂയിസ് പശുവിനെ പോസ്​റ്റ്​മോര്‍ട്ടം നടത്തി. ഇതാദ്യമായാണ് വനത്തില്‍നിന്ന് ഇത്രയും അകലെ ജനവാസകേന്ദ്രത്തില്‍ മൃഗങ്ങളെ കടുവ ആക്രമിക്കുന്നതെന്ന് വനപാലകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *