പി.വി. സിന്ധുവിന് ഗംഭീര വരവേല്‍പ്പ്

ഹൈദരാബാദ്: റിയോയില്‍ നിന്നു തിരിച്ചെത്തിയ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവിന് ഹൈദരാബാദില്‍ ഗംഭീര വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നിരവധി ആരാധകരും രാജ്യത്തിന് അഭിമാനമായ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം സിന്ധുവിനെ തുറന്ന വാഹനത്തില്‍ ഗാച്ചിബൗളി സ്‌റ്റേഡിയത്തിലേക്ക് എത്തിക്കും. സ്‌റ്റേഡിയത്തില്‍ തെലുങ്കാനയും ആന്ധ്രപ്രദേശും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമറാവുവും മറ്റു ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടിയതിനു പിന്നാലെ തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിന്ധുവിന് ഭൂമിയും നല്‍കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. ഹൈദരാബാദ് മുതല്‍ വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങള്‍ വരെയുള്ള സ്ഥലങ്ങളിലെ കോര്‍പറേറ്റുകളും ബിസിനസുകാരും രജത താരത്തിന് സമ്മാനവും കാഷ് െ്രെപസും നല്‍കാന്‍ വെമ്പിനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *