നികുതി വെട്ടിപ്പ് വിജിലന്‍സ് കേസെടുത്തു

നിലമ്പൂര്‍: സിനിമാ തീയേറ്ററുകളില്‍ നടന്ന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പത്തുപേര്‍ക്കെതിരെ കേസെടുത്തു. നഗരസഭാ സെക്രട്ടറി പി പ്രമോദ് ഉള്‍പ്പെടെ 8 ജീവനക്കാര്‍ക്കെതിരെയും ഫെയറിലാന്റ് ജ്യോതി തീയേറ്റര്‍ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് വിജിലന്‍സ് ഡി വൈ എസ് പി കെ സലീം പറഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നഗരസഭാസെക്രട്ടറി പി പ്രമോദില്‍ നിന്നും കഴിഞ്ഞ ദിവസം വിജിലന്‍സ് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ നികുതിയുമായി ബന്ധപ്പെട്ട് തീയേറ്ററുകളില്‍ യാതൊരു പരിശോധനയും നടത്തിയിട്ടില്ല. ഒറ്റ ദിവസംപോലും തീയേറ്ററുകളില്‍ ഹൗസ് ഫുള്ളായിട്ടില്ലെന്ന് ഡി സി ആര്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം, എന്നിവിടങ്ങളിലെ സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് തീയേറ്റര്‍ ഉടമകള്‍ നല്‍കിയ ഡിസിആറുകളിലെ കണക്കും നഗരസഭയില്‍ നല്‍കിയ ഡി സി ആറിലെ കണക്കും തമ്മില്‍ വലിയ അന്തരമാണുള്ളത്. വിതരണക്കാര്‍ക്ക് യഥാര്‍ത്ഥകണക്കുനല്‍കുകയും നികുതിവെട്ടിപ്പിനായി നഗരസഭക്ക് മറ്റൊരു ഡിസിആര്‍ നല്‍കുകയുമാണ് ചെയ്തിരുന്നത്. കഴിഞ്ഞ 6ന് വിജിലന്‍സ് സി ഐ കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭയിലും തീയേറ്ററുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.ഫെയറിലാന്റ്, ജ്യോതി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച കബാലിയുടെ 6 ദിവസത്തെ കളക്ഷന്‍ പരിശോധിച്ചതില്‍ തന്നെ രണ്ടു തീയെറ്ററുകളിലായി നാലരലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. നൂറു രൂപക്ക് 20 രൂപയാണ് നഗരസഭക്ക് വിനോദ നികുതിയിനത്തില്‍ ലഭിക്കേണ്ടത്. വര്‍ഷങ്ങളായുള്ള നികുതിവെട്ടിപ്പിലൂടെ നഗരസഭക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടമായിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കുമെതിരെ കേസെടുത്തത് നഗരസഭാ ഭരണസമിതിക്ക് തിരിച്ചടിയായി. വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും തീയേറ്റര്‍ ഉടമകളോട് വിശദീകരണം പോലും ചോദിക്കാതിരുന്നതാണ് നഗരസഭാ ഭരണസമിതിക്ക് തിരിച്ചടിയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *