ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും; എ. വിജയരാഘവന്‍

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും, ബിജെപിയും ഈ തിരഞ്ഞെടുപ്പ് പ്രചരണം അപവാദം പ്രചരിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ തിരഞ്ഞെടുപ്പ് വേളയെ ഉപയോഗപ്പെടുത്തി. ഒറ്റതിരിച്ച്‌ മുഖ്യമന്ത്രിയെ ആക്രമിക്കാനും യുഡിഎഫ് പരിശ്രമിച്ചു. ഈ നിഷേധാത്മക നിലപാടിനെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പ്രവര്‍ത്തകനെ അവര്‍ കൊലപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുമ്ബായി നാല് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ആര്‍എസ്‌എസും കോണ്‍ഗ്രസും ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നുളളതായിരുന്നു അവരുടെ ഗൂഢാലോചന. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. തികഞ്ഞ സംയമനത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ കായിക അക്രമങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *