രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി വെട്ടിലാകും: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സി.എം.രവീന്ദ്രനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയുന്നതുകൊണ്ടാണ് രവീന്ദ്രന്‍ ഈ നാടകങ്ങള്‍ കളിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സി.എം.രവീന്ദ്രന്‍ എന്നാല്‍ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു കാര്യവും രവീന്ദ്രന്‍ ചെയ്യില്ല. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ രവീന്ദ്രന്‍ ആശുപത്രിയില്‍ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

“അഴിമതി വിവരങ്ങള്‍ മറച്ചുവയ്‌ക്കാന്‍‌ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം.രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാകണം. നിഷ്‌പക്ഷരായ ഡോക്‌ടര്‍മാരുടെ സംഘം രവീന്ദ്രനെ പരിശോധിക്കണം,” സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്നു കൊച്ചിയില്‍ എത്തേണ്ടിയിരിക്കെ ചൊവ്വാഴ്‌ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച രവീന്ദ്രന്‍ ഇപ്പോഴും അവിടെ തുടരുകയാണ്. മൂന്നാം തവണയാണു രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയത്. നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്‌ക്കായും രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *