സാന്ത്വനസ്പര്‍ശം സഹായം വേഗത്തിലെത്തിക്കണം: കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരം: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള സഹായങ്ങള്‍ അതിവേഗത്തില്‍ അവരുടെ കൈകളിലെത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ജാഗ്രത കാട്ടണമെന്നു സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ്.എം.വി. സ്‌കൂളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിന്റെ സമാപന ചടങ്ങില്‍ ഉദ്യോഗസ്ഥരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ബദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞു കലവറ നോക്കാതെ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്.സി.എം.ഡി.ആര്‍.എഫില്‍ നിന്നടക്കമുള്ള ധനസഹായം പരമാവധി വേഗത്തില്‍ അവരുടെ കൈകളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണം. അപേക്ഷകളില്‍ അനുബന്ധ രേഖകള്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട അപേക്ഷകനെ നേരില്‍ ബന്ധപ്പെട്ട് അവ ലഭ്യമാക്കി സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് വന്‍ വിജയമായിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും അകമഴിഞ്ഞ സഹകരണവും പ്രവര്‍ത്തനവുമാണ് ഈ വിജയത്തിന് ആധാരം. സര്‍ക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യമായിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതുവഴി സാന്ത്വനമാകാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *