മുംബൈ : ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം വിവാഹമോചനത്തിന് കാരണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഭാര്യയുടെ ദുശ്ശീലം ചൂണ്ടിക്കാട്ടിക്കൊണ്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പുഷ്പ ഗനേഡിവാല അദ്ധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇങ്ങനെയുളള നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹബന്ധം അവസാനിപ്പിച്ചാല്‍ അത് കുട്ടികളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കും എന്നും കോടതി അറിയിച്ചു. അതേസമയം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന്റെ പരാതികളും ഭാര്യ ഹൈക്കോടതിയെ ബോധിപ്പിച്ചു.
പുകയില ചവയ്ക്കുന്ന ശീലം കാരണം ഭാര്യയ്ക്ക് വയറ്റില്‍ മുഴ വരികയും അതിന്റെ ചികിത്സയ്ക്കായി പണം ചെലവാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ കുടുംബ കോടതിയെ സമീപിച്ചെങ്കിലും വിവാഹബന്ധം വേര്‍പെടുത്താനും മാത്രം സാധുതയുള്ള ഒരു കാരണമായി അതിനെ കണക്കാക്കാനാവില്ല എന്ന് കുടുംബകോടതി വിധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവെയ്ക്കുകയായിരുന്നു.
എന്നാല്‍ തന്നെ ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുകയാണെന്നാണ് ഭാര്യ കോടതിയെ ബോധിപ്പിച്ചത്. ദിവസേന മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വരികയാണ്. എയിഡ്‌സ് രോഗബാധിതനാണെന്നറിഞ്ഞിട്ടും താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.
