വാഷിംഗ്ടണ്‍:അമേരിക്കയുടെ ഭരണതലപ്പത്തേക്ക് രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി. ഉന്നത അറ്റോര്‍ണി, എക്‌സിക്യുട്ടീവ് പോസ്റ്റുകളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളെ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം െചയ്തു. മീര ജോഷി, രാധിക ഫോക്‌സ് എന്നിവരെയാണ് നിയമിച്ചത്. പ്രസിഡന്റ് ചുമതലയേറ്റ നാള്‍ മുതല്‍ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഉന്നത പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പില്‍ ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്ടി അഡ്മിനിസ്‌ട്രേര്‍ ആയാണ് മീര ജോഷിയുടെ നിയമനം. ഇതുവരെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു. എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ പ്രിന്‍സിപ്പല്‍ ജലവിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് രാധിക ഫോക്‌സിനെ നിയമിച്ചിരിക്കുന്നത്.
എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയി ഫൈസല്‍ ആമീനെയും നിയമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. സുപ്രധാന വകുപ്പുകളിലേക്ക് 12 പേരെ നാമനിര്‍ദേശം ചെയ്യാനാണ് ബൈഡന്റെ തീരുമാനം.
