സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും; കോവിഷീല്‍ഡ് വാക്സിന് ക്ഷാമം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും വെല്ലുവിളി. കോവിഷീല്‍ഡ് വാക്സിന് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ക്ഷാമം നേരിടുകയാണ്. ഇതോടെ സംസ്ഥാനത്ത് പല ജില്ലകളിലേയും മെഗാ വാക്സിനേഷന്‍ മുടങ്ങും.

കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വാക്സിന്‍ എത്തിയെങ്കിലും തുടര്‍ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ മെഗാ വാക്സിനേഷന് ഉപയോഗിക്കില്ല. ഇതോടെ കോവിഷീല്‍ഡ് രണ്ടാം ഡോഡ് കുത്തിവയ്‌പ് എടുക്കാനും സാധിക്കില്ല. ഇന്ന് വൈകീട്ടോടെ വാക്സിന്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാക്സിനെത്തിയാല്‍ നാളെ തന്നെ മെഗാ വാക്സിനേഷന്‍ ക്യാമ്ബുകള്‍ ആരംഭിക്കും.

വാക്സിനേഷന്‍ ദ്രുതഗതിയിലാക്കി വ്യാപനതോത് കുറയ്ക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ചൊവ്വാഴ്ച രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തിയത്. എന്നാല്‍ വാക്സിന്‍ ക്ഷാമം നേരിട്ടതോടെ ബുധനാഴ്ച അത് ഒന്നരലക്ഷമായി ചുരുങ്ങി.

അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സാധ്യതയില്ല. എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *