ഗള്‍ഫില്‍ ഓണവും പെരുന്നാളും; അന്യ സംസ്ഥാന പൂക്കള്‍ കേരളത്തില്‍ നിന്ന്

മലപ്പുറം: ഗള്‍ഫ് നാട്ടില്‍ ഗൃഹാതുരതയുടെ ഓണപ്പൂക്കളവും,സദ്യവട്ടവും ഒരുക്കാന്‍ പൂക്കള്‍ മുതല്‍ പച്ചക്കറികള്‍ വരെ കേരളത്തില്‍ നിന്ന് വിമാനം കയറിതുടങ്ങി.ഓണവും പെരുന്നാളും ഒരുമിച്ചെത്തിയത് വിമാനമാര്‍ഗമുളള പഴം-പച്ചക്കറി കാര്‍ഗോ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്.പതിവ് കാര്‍ഗോ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓണം,പെരുന്നാള്‍ സ്‌പേഷ്യല്‍ പാക്കറ്റുകളും കടലുകടക്കുന്നുണ്ട്.ഗള്‍ഫിലേക്ക് അയക്കാനുളള വിഭവങ്ങള്‍ ശേഖരിക്കാനായി ഏജന്റെുമാര്‍ നെട്ടോട്ടമോടുകയാണ്.
കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുളള കാര്‍ഗോ കയറ്റുമതിയും ക്രമാധീതമായി വര്‍ധനവാണുണ്ടായിട്ടുളളത്.കരിപ്പൂരില്‍ ചെറിയ വിമാനങ്ങളിലും കാര്‍ഗോ കയറ്റി അയക്കുന്നതിനാല്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി കാര്‍ഗോ മേഖല ഉണര്‍ന്നു.കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് കയറ്റിമതി ഏറെയുളളത്.ദിനേന 50 മുതല്‍ 60 വരെ ടണ്‍ പച്ചക്കറികളാണ് കയറ്റി അയക്കുന്നത്.പതിവ് പച്ചക്കറിയില്‍ നിന്ന് വ്യത്യസ്ഥമായി ഓണപ്പൂക്കളാണ് ഓണം സ്പഷ്യല്‍ ആയി കയറ്റിമതിയുളളത്.ഗുണ്ടല്‍പേട്ട്,തൃച്ചി,തേനി,നാഗര്‍കോവില്‍ എന്നിവടങ്ങളില്‍ നിന്നാണ് പൂക്കളും പച്ചക്കറികളും കൂടുതലായും എത്തുന്നത്.ചെണ്ടുമല്ലി,വാടാമല്ലി,ജമന്തി,തെച്ചി,സീര്യകാന്തി തുടങ്ങിയ പൂക്കള്‍ക്കാണ് ഗള്‍ഫില്‍ ഡിമാന്‍ഡ് ഏറെയുളളത്.ഇവ പ്രത്യേക പാക്ക് ചെയ്താണ് അയക്കുന്നത്.
ഉയര്‍ന്ന നിരക്കില്‍ ശേഖരിക്കുന്ന പൂക്കള്‍ കിലോക്ക് 60 മുതല്‍ 75വരെ രൂപ സര്‍ചാര്‍ജ് നല്‍കിയാണ് ഗള്‍ഫിലേക്ക് അയക്കുന്നത്.കരിപ്പൂരില്‍ വിമാനങ്ങളില്‍ കുറഞ്ഞ തോതിലുളള പൂക്കള്‍ കൊണ്ടുപോകാനുളള അനുമതിയാണ് നല്‍കുന്നത്.ആയതിനാല്‍ കൂടുതല്‍ പേരും കൊച്ചിയെയാണ് ആശ്രയിക്കുന്നത്.തിരുവനന്തപുരം രണ്ടാം സ്ഥാനത്തും.ഓണത്തിന് വിഭവ സമൃദ്ധമായ സദ്യയൊരുക്കാന്‍ പച്ചക്കറികളും കൂടുതലായി കയറ്റി അയക്കുന്നുണ്ട്.പച്ചക്കായ,മുരിങ്ങാകായ,പടവലം,കൈപ്പ,കുമ്പളം തുടങ്ങി നാടന്‍ പച്ചക്കറികള്‍ വരെ ഇവയില്‍ ഉള്‍പ്പെടും.സദ്യവിളമ്പാന്‍ നാടന്‍ വാഴയിലയും കയറ്റിഅയക്കുന്നതില്‍ ഉള്‍പ്പെടും.
ഓണവും,ബലിപ്പെരുന്നാളും ഒരുമിച്ചെത്തിയതും കാര്‍ഗോ കയറ്റിമതിക്ക് ഉണര്‍വ്വേകിയിട്ടുണ്ട്.വര്‍ഷത്തില്‍ വിമാനമാര്‍ഗമുളള ഗള്‍ഫിലേക്കുളള കയറ്റുമതി വര്‍ധിക്കുന്ന സീസണ്‍കൂടിയാണിത്.ആയതിനാല്‍ വിമാനക്കമ്പനികളും കാര്‍ഗോ കയറ്റുമതിക്ക് സൗകര്യം ഒരുക്കുന്നുണ്ട്.തിരുവനന്തപുരത്ത് നിന്ന് എമിറേറ്റസ് കാര്‍ഗോ കയറ്റുമതിക്ക് മാത്രമായി ശനി,ഞായര്‍ ദിവസങ്ങളില്‍ കാര്‍ഗോ സര്‍വ്വീസ് നടത്തും.കൊച്ചിയില്‍നിന്ന് 10നും പ്രത്യേക കാര്‍ഗോ വിമാനമുണ്ട്.300 ലേറെ ടണ്‍ പഴംപച്ചക്കറി ഉല്‍പ്പന്നങ്ങളാണ് ഈ വിമാനങ്ങള്‍ വഴിമാത്രം ഗള്‍ഫിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *