വി.അബ്ദുറഹ്‌മാന്‍ മലപ്പുറത്തിന്റെ മന്ത്രി

തിരുവനന്തപുരം-താനൂരില്‍ നിന്നുള്ള ഇടതുസ്വതന്ത്ര എം.എല്‍.എ വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം. സി.പി.എം.സംസ്ഥാന കമ്മിറ്റിയാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. പഴയ മന്ത്രിമാര്‍ തുടരേണ്ടതിലെന്ന സി.പി.എമ്മിന്റെ നിലപാട് പ്രാവര്‍ത്തികമായതോടെയാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രിയായി അബ്്ദുറഹ്്മാന് നറുക്ക് വീണത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഡോ.കെ.ടി.ജലീല്‍ ആയിരുന്നു ജില്ലയില്‍ നിന്നുള്ള മന്ത്രി. പൊന്നാനിയില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന സി.പി.എം.നേതാവ് പി.നന്ദകുമാറിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു.
മലപ്പുറം ജില്ലയില്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയമുന്നേറ്റമുണ്ടാക്കിയ നേതാക്കളിലൊരാളെന്ന നിലയിലാണ് അബ്്ദുറഹ്്മാന്‍ പരിഗണിക്കപ്പെടുക.മുസ്്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ സി.പി.എം.നടത്തിയ സ്വതന്ത്ര പരീക്ഷണങ്ങളില്‍ വിജയിച്ചയാളാണ് അബ്്ദുറഹ്‌മാന്‍.ലീഗ് കോട്ടയായിരുന്ന താനൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടുകയും ഇത്തവണ മണ്ഡലം നലനിര്‍ത്തുകയും ചെയ്ത നേതാവാണ് അദ്ദേഹം. ഇത്തവണ മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അബ്്ദുറഹ്്മാന്‍ എന്ത് നിലപാടെടുക്കുമെന്ന ആശങ്ക സി.പി.എമ്മിലുണ്ടായിരുന്നു. മുമ്പ് മഞ്ഞളാംകുഴി അലി ഇടതുമുന്നണി വിട്ട് യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായ അനുഭവം പാര്‍ട്ടിക്ക് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *