പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം; പ്രദേശമാകെ നാശനഷ്‌ടം, ദുരൂഹതയെന്ന് നാട്ടുകാര്‍

വടകര: പൊലീസ് ഉദ്യോ​ഗസ്ഥന്‍റെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം. വടകര പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനായ ചിത്രദാസിന്‍റെ വീട്ടിലാണ് ചൊവാഴ്‌ച രാത്രി പത്തേകാലോടെ സ്‌ഫോടനമുണ്ടായത്. കളരിയുള്ളതില്‍ ക്ഷേത്രത്തിനടുത്തുള്ള ചിത്രദാസിന്‍റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ചെറിയ മുറിയിലാണ് സ്ഫോടനം നടന്നത്. ​സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാവാം സ്ഫോടനത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിയുള്ള സ്ഫോടനത്തിന് ഇത്രയും ശേഷിയുണ്ടാവുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. സ്ഫോടനം നടന്നതിന് ശേഷം പ്രദേശത്താകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും പ്രദേശവാസികള്‍ പറയുന്നു.

സ്ഫോടനത്തില്‍ പ്രദേശത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ചിത്രദാസിന്‍റെ ഇരുനില വീടിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. ചിത്രദാസിന്‍റെ സഹോദരന് ജനല്‍ ചില്ലുകള്‍ പൊട്ടി വീണ് പരിക്കേറ്റു.

ഉ​ഗ്രശേഷിയുള്ള സ്ഫോടനത്തില്‍ പ്രദേശമാകെ കുലുങ്ങിയിരുന്നു. സംഭവം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്ഫോടനം നടക്കുമ്ബോള്‍ ചിത്രദാസും കുടുംബവും വീടിനകത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *