പോലീസിനെ കബളിപ്പിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് കാസര്‍കോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുകയായിരുന്നു.മെയ് 12 ന് ബദിയടുക്കയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എം.ഡി.എം.എയുമായാണ് അമീര്‍ അലി പിടിയിലായത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ രാവിലെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസര്‍കോട് എത്തിയപ്പോള്‍ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. കാസര്‍കോട് ടൗണ്‍, വിദ്യാ നഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കായി തെരച്ചില്‍ നടത്തിവരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും അന്വേഷണം ആരംഭിച്ചു. അമീര്‍ അലി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *