ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിന്റെ ആരോപണ പ്രത്യാരോപണ പിരിമുറുക്കത്തിനിടെ ദേശീയ പാതയില് ഗതാഗതം റദ്ദാക്കി പാക് വ്യോമസേനയുടെ പോര്വിമാനങ്ങള് റോഡില് ഇറക്കി. എന്നാല്, ഇതു പരീക്ഷണ ലാന്ഡിംഗ് ആണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും പാക്കിസ്ഥാന് അറിയിച്ചു. ഇസ്ലാമാബാദ്–ലാഹോര് തിരക്കേറിയ ദേശീയ പാതയിലാണ് പാക് യുദ്ധ വിമാനം ഇറക്കിയത്. മുമ്പും ഇത്തരം പരീക്ഷണങ്ങള് നടത്തിയിട്ടുണ്ടെന്നും റണ്വേയ്ക്ക് എന്തെങ്കിലും തകരാര് സംഭവിച്ചാല് എന്തുചെയ്യും എന്നതിന്റെ പരീക്ഷണമാണ് നടന്നതെന്നും പാക് വ്യോമസേന വക്താവ് ജാവേദ് മുഹമ്മദ് അലി പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇന്ത്യക്കുള്ള മുന്നറിയിപ്പല്ല നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, ക്രോസ് ബോര്ഡര് മിലിട്ടറി ഫോഴ്സിനെ ഉപയോഗിച്ച് ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്കുമോയെന്ന് ആശങ്കയുള്ളതിനാല് പാക് സൈന്യം അതീവജാഗ്രതയിലാണെന്ന് ചില പാക് സുരക്ഷാ ഉദ്യോഗസ്ഥര് സ്ഥിരീകരിച്ചു.
