മാനന്തവാടി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയാറാകണമെന്ന് കെ.
മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് മാനന്തവാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയ ചരിത്രമുണ്ട്.
സി.പി.എമ്മിന് ഹര്‍ത്താലില്‍പോലും ആത്മാര്‍ഥതയില്ലാത്തതുകൊണ്ടാണ് ഞായറാഴ്ച നടത്തുന്നതെന്നും എം.പി ആരോപിച്ചു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്വേഷണ കമീഷന്‍ നിയോഗിച്ചതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണ കമീഷനെ വെക്കുന്നില്ലെന്ന് മുരളീധരന്‍ ചോദിച്ചു. സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കാന്‍ തയാറായില്ലങ്കില്‍ യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എന്‍.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കെ.എ. ആന്‍റണി, കെ. അഹമ്മദ് മാസ്റ്റര്‍, എം. അബ്ദുറഹ്മാന്‍, പി.കെ. ജയലക്ഷ്മി, പടയന്‍ മുഹമ്മദ്, എം.ജി. ബിജു, പി.വി. ജോര്‍ജ്, പി.എം. ബെന്നി, സില്‍വി തോമസ് എന്നിവര്‍ സംബന്ധിച്ചു.
