തിരുവനന്തപുരം: ഇന്ത്യന്‍ സേനയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കൊണ്ടുവരുന്ന ‘അഗ്നിപഥ്’ സ്കീം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയില്‍ നിന്ന് വിരമിച്ച പ്രമുഖരും ‘അഗ്നിപഥ്’ ന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കര്‍ത്തവ്യമാണ് അവര്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്.
വളരെ ചുരുങ്ങിയ തൊഴില്‍ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിംഗ് കാലാവധിയില്‍ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലുകൊല്ലമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും. ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴില്‍ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുകൊല്ലം. ‘അഗ്നിപഥ്’ പദ്ധതിയിലെ നാലുവര്‍ഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴില്‍ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങള്‍ക്കൊക്കെ കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
