കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്‍. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസില്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഡ്വ. ആര്‍. കൃഷ്ണരാജ് കോടതിയില്‍ വാദിച്ചു.
ഉദയ്പൂര്‍ കൊലപാതകത്തിന്റെ പത്രവാര്‍ത്തകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ്, കൃഷ്ണരാജ് ജീവന് ഭീഷണിയുണ്ടെന്ന് വാദം ഉന്നയിച്ചത്. കോടതി ഉത്തരവിടുന്ന ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണരാജ് അറിയിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍, എറണാകുളം സെന്‍ട്രല്‍ പോലീസാണ് കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
