തിരുവനന്തപുരം: കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി മാംഗലൂര്‍ക്ക് നീട്ടണമെന്ന് നാഷണല്‍ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം അപ്പക്സ് അഥോറിറ്റി യോഗത്തില്‍ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.
കരിപ്പൂര്‍, കണ്ണൂര്‍, മാംഗലൂര്‍ എയര്‍പോര്‍ട്ടുകള്‍ കൂടി ഉള്‍പ്പെടുന്ന പാതയായതിനാല്‍ ഇടനാഴി നീട്ടുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ ഇടനാഴികളുടെ ചുമതലയുള്ള ദേശീയ അഥോറിറ്റിയുടെ ആദ്യത്തെ യോഗം ഇന്ന് ഓണ്‍ലൈനായി ചേര്‍ന്നപ്പോഴാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുകയാണ്. 85% സ്ഥലമേറ്റെടുപ്പും പൂര്‍ത്തിയാക്കി. ജൂലൈ 30 നകം ഇത് പൂര്‍ണ്ണമായും നിര്‍വ്വഹിച്ച് അന്തിമ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട മാച്ചിങ് ഫണ്ടിന് വേണ്ടി അപേക്ഷ നല്‍കും.
പദ്ധതിക്ക് പി.എം ഗതിശക്തിയില്‍ നിന്നുള്ള സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തെ 11 വ്യവസായ ഇടനാഴികളില്‍ സ്ഥലമേറ്റെടുപ്പ് ഏറ്റവും ഫലപ്രദമായി മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ കേരളത്തിന്റെ പദ്ധതി പുരോഗതി അവതരിപ്പിച്ചു.
