കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വിമാനത്താവളത്തിന്‍ റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. പുതിയ ധാരണ പ്രകാരം റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, ചീഫ് സെക്രട്ടറി വി.പി.ജോയിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ധാരണയായത്. വിമാനത്താവളത്തിനായി 18.5 ഏക്കര്‍ ഏറ്റെടുക്കാനായിരുന്നു നേരത്തേ വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇവിടെ 180 ഓളം വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമായിരുന്നു. ഒരു ശ്മശാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്ന റോഡും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സംസ്ഥാനം അറിയിച്ചു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. പള്ളിക്കല്‍ വില്ലേജിലെ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക.
