ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം: 3 പേര്‍ അറസ്റ്റില്‍

കൊച്ചി: തൃപ്പുണിത്തുറയില്‍ ദേശീയപതാക മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിഴക്കമ്പലത്തെ ഷമീര്‍, ഇടുക്കിയിലെ മണി ഭാസ്‌കര്‍, തോപ്പുംപടിയിലെ സജാര്‍ എന്നിവരെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് ഇരുമ്പനത്ത് ദേശീയ പതാക മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂര്‍വം മടക്കിയെടുത്ത് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികള്‍ കോസ്റ്റ് ഗാര്‍ഡില്‍നിന്നും മാലിന്യം ശേഖരിച്ച ശേഷം യാര്‍ഡില്‍ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പതാക എങ്ങനെ വന്നു എന്നും ആരുടേതാണെന്നും ആര് വഴിയാണ് വന്നതെന്നും അന്വേഷിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ പതാകയും നേവിയുമായി ബന്ധപ്പെട്ട കാര്യവും ഇതിനൊപ്പമുണ്ട്. അവരുടെ ഇടപെടല്‍ ഉണ്ടോ എന്നത് അന്വേഷിക്കാതെ പറയാന്‍ പറ്റില്ല ഡിസിപി വി.യു കുര്യാക്കോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *