സ്വാശ്രയ വിഷയം സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് സമരം തെരുവിലേയ്ക്ക് വ്യാപിപ്പിച്ചു. സെക്രട്ടറിയേറ്റിലേയ്ക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ പകച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാനേജ് മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കികൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫീസ് 10 ലക്ഷം ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒളിച്ചുകളിക്കുന്നത്. സ്വാശ്രയ പ്രശ്‌നം സങ്കീര്‍ണമായിട്ടും ബിജെപി ഒരു പ്രതികരണവും നടത്തിയിട്ടില്ല. യഥാര്‍ഥ പ്രതിപക്ഷം ആകുമെന്ന് പ്രഖ്യാപിച്ചവര്‍ സര്‍ക്കാരിന്റെ കൊള്ളയ്ക്ക് ഒപ്പമാണ്.

നിയമസഭയില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് ഒ.രാജഗോപാല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ യഥാര്‍ഥ വസ്തുത കോടതിയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വിവിധ യുഡിഎഫ് കക്ഷി നേതാക്കളും നിരവധി പ്രവര്‍ത്തകരും സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തു. ജില്ലാ കേന്ദ്രങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *